മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകനാണ് വിനീത്. ഗായകനായി എത്തിയ താരം പിന്നീട് മലയാള സിനിമയിൽ ഒട്ടുമിക്ക മേഖലകളിലും കൈവച്ചിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ രണ്ടായിരത്തി മൂന്നിൽ പുറത്ത് ഇറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമ മേഖലയിലേക്ക് എത്തുന്നത്. കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതത്തിന്റെ ആരംഭം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് മോഹൻ ലാൽ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ചെയ്ത് രണ്ടായിരത്തി അഞ്ചിൽ പുറത്ത് ഇറങ്ങിയ കരളേ എന്റെ കരളിന്റെ കരളേ എന്ന ഗാനം വിനീത് ശ്രീനിവാസനെ മലായാളികൾക്ക് സുപരിചിതനാക്കി. വിനീത് ആലപിച്ച ഈ ഗാനത്തിൽ ചുവടു വയ്ക്കുന്നത് ശ്രീനിവാസനാണ് എന്നുള്ളത് ഏറെശ്രദ്ധേയമായിരുന്നു.
രണ്ടായിരത്തി എട്ടിൽ വിനീത് ശ്രീനിവാസൻ എന്ന ഗായകൻ നായകനായി മാറിയ വർഷമായിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുന്നത്. വിനു മോഹൻ ഭാമ സന്ധ്യ ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച വിജയം തന്നെയാണ് വിനീത് ശ്രീനിവാസൻ എന്ന നടൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസനും വിനീതും പ്രധാന വേഷം ചെയ്ത മകന്റെ അച്ഛൻ എന്ന ചിത്രം ഏറെശ്രദ്ധ നേടിയിരുന്നു. ചാപ്പ കുരിശ് ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലെ വിനീതിന്റെ അഭിനയം അന്ന് പ്രശംസിക്കപ്പെട്ടിരുന്നു.രണ്ടായിരത്തി പത്തിൽ ഗായകൻ നടൻ എന്നീ നിലകളിൽ തിളങ്ങുമ്പോൾ താരം പുത്തൻ ചുവടു വയ്പ്പ് നടത്തി.
ഒരുകൂട്ടം ചെറുപ്പക്കാരെ പ്രധാന കഥാപാത്രമാക്കി വിനീതിന്റെ സംവിധാനത്തിൽ ഒരു ചിത്രം പിറന്നു. പുതുമുഖങ്ങളെ നായക സ്ഥാനങ്ങളിലാക്കി പുറത്ത് വന്ന മലർവാടി ആർട്സ് ക്ലബ് മലയാള സിനിമയുടെ തന്നെ മുഖച്ഛായ മാറ്റി. നിവിൻ പോളി അജു വർഗീസ് ഭഗത് മാനുവൽ ശ്രാവൺ ഹരികൃഷ്ണൻ എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാർ. സുഹൃത്ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം അസൂയാർഹമായ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയെ നായകനാക്കി രണ്ടായിരത്തി പന്ത്രണ്ടിൽ വിനീത് വീണ്ടും സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. ഉമ്മച്ചികുട്ടിയെ പ്രണയിച്ച വിനോദിന്റെ കഥ പറഞ്ഞ ചിത്രം ചരിത്ര വിജയമായി മാറി. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം തിര ഹൃദയം തുടങ്ങിയ ചിത്രങ്ങൾ പിന്നീട് വിനീത് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളാണ്.
ഇപ്പോഴിതാ അഭിനയവും സംവിധാനവും ഒരുമിച്ചു ചെയ്യുവാൻ സാധിക്കില്ല എന്നാണു വിനീത് പറയുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് മനസ്സിലാക്കിയത്. ഞാന്‍ കൂടി അഭിനയിക്കുമ്പോള്‍ ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്ക്കുമ്പോള് എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്.